പൊലീസ് സംഘടനാ പുനഃസംഘടന വിവാദം; സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് പിണറായി വിജയൻ
പൊലീസ് സംഘടനാ പുനഃസംഘടന വിവാദം; സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: കേരളത്തിലെ പൊലീസ് സംഘടനകളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പൊലീസ് ഉദ്യോഗസ്ഥരുടെ സംഘടനാ അവകാശങ്ങളെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയ ഉത്തരവ് സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
1979 മുതൽ സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന പൊലീസ് സംഘടനാ സംവിധാനത്തിൽ ബന്ധപ്പെട്ട സംഘടനകളുമായോ ഉദ്യോഗസ്ഥരുമായോ മതിയായ ചർച്ച നടത്താതെയാണ് മാറ്റങ്ങൾ വരുത്താൻ സർക്കാർ ശ്രമിക്കുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികൾ നിലവിലിരിക്കെ അവയ്ക്ക് പകരമായി അഡ്ഹോക്ക് കമ്മിറ്റികളെ നിയമിച്ച നടപടി സംഘടനാ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
ഗ്രേഡ് പ്രമോഷൻ ലഭിച്ച ഉദ്യോഗസ്ഥരെ ഡീഗ്രേഡ് ചെയ്യുകയും ഒരേ പദവിയിലുള്ള ഉദ്യോഗസ്ഥരെ വ്യത്യസ്ത സംഘടനകളിലേക്ക് വിഭജിക്കുകയും ചെയ്യുന്ന നടപടികൾ ജനാധിപത്യവിരുദ്ധമാണെന്നും ഇത്തരം തീരുമാനങ്ങൾ പൊലീസ് സേനയുടെ ഐക്യത്തെയും ആത്മവീര്യത്തെയും ബാധിക്കുമെന്നും പിണറായി വിജയൻ വിമർശിച്ചു.
പൊലീസിനെ ഭരണകൂടത്തിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന സേനയാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് സംഘടനാ സംവിധാനത്തിൽ മാറ്റം വരുത്തുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും വിശദമായ കൂടിയാലോചന നടത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് ഉദ്യോഗസ്ഥരുടെ സംഘടനാ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്ന സർക്കാർ നടപടികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും ജനാധിപത്യപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വിവാദ ഉത്തരവ് സർക്കാർ ഉടൻ പിൻവലിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.